ELECTRICAL INSPECTORATE

ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിനെക്കുറിച്ച്

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വകുപ്പാണ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. 20.10.1968-ലെ സർക്കാർ ഉത്തരവ് നമ്പർ: 28/68/പി.ഡബ്ല്യു പ്രകാരമാണ് ഈ വകുപ്പ് രൂപീകരിച്ചത്.  കേരള സർക്കാരിന്റെ മുഖ്യ വൈദ്യുതി ഇൻസ്പെക്ടറാണ് ഈ വകുപ്പിന്റെ മേലധികാരി.

അഡീഷണൽ ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ, ഡെപ്യൂട്ടി ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാർ, ഡെപ്യൂട്ടി ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർമാർ, അസിസ്റ്റൻ്റ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ലോ ഓഫീസർ എന്നിവർ ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറെ സഹായിക്കുന്നു.

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ആസ്ഥാന കാര്യാലയമായ ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം കൂടാതെ, വകുപ്പിന് 14 ജില്ലാ കാര്യാലയങ്ങളും, തിരുവനന്തപുരം ജില്ലയിൽ ഒരു മീറ്റർ ടെസ്റ്റിംഗ് & സ്റ്റാൻഡേർഡ്‌സ് ലബോറട്ടറിയും പ്രവർത്തിച്ചു വരുന്നു. 13 പ്രാദേശിക മീറ്റർ ടെസ്റ്റിംഗ് ലബോറട്ടറികളും 13 ജില്ലാ കാര്യാലയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നു.

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഓഫ് എക്‌സാമിനേഷൻ ഫോർ സിനിമാ ഓപ്പറേറ്റേഴ്‌സ് എന്നിങ്ങനെ രണ്ട് ബോർഡുകൾ ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.

ഇലക്‌ട്രിസിറ്റി ആക്ട് 2003 വകുപ്പ് 162 ഉപവകുപ്പ് (1) അധികാരം വിനിയോഗിച്ചുകൊണ്ട് പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നല്കിയിട്ടുള്ള പ്രകാരം എല്ലാ വൈദ്യുത ജോലികളും വൈദ്യുത പ്രതിഷ്ഠാപനങ്ങളും സംബന്ധിച്ചുള്ള മേഖല പരിശോധിക്കാനുള്ള അധികാരം ഇൻസ്പെക്ടർക്ക് ഉണ്ടായിരിക്കും. ഇൻസ്പെക്ടർക്കോ, സഹായത്തിനായി ഇൻസ്‌പെക്ടർ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, ഉൽപ്പാദനം, പ്രസരണം, പരിവർത്തനം, വിതരണം എന്നീ മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന വാഹനങ്ങളോ, അല്ലെങ്കിൽ ഊർജ്ജ ഉപയോഗവുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്ന ഇടങ്ങളോ  തുടങ്ങി ഏതൊരു സ്ഥലത്തും പരിശോധന നടത്തുവാനും, അപഗ്രഥിക്കുവാനും അധികാരമുണ്ട്.

എ.സി & ഡി.സി വോൾട്ടേജസ്, എ.സി & ഡി.സി കറൻറ്, പ്രതിരോധം, ആവൃത്തി, പവർ, എനർജി എന്നീ പരാമീറ്ററുകൾക്കായുള്ള ഇലക്ട്രോ ടെക്നിക്കൽ കാലിബ്രേഷന് ലഭിക്കുന്ന എൻ.എ.ബി.എൽ (നാഷണൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്) അംഗീകാരം ലഭിച്ച, സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏക ലബോറട്ടറിയാണ് വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മീറ്റർ ടെസ്റ്റിംഗ് & സ്റ്റാൻഡേർഡ്‌സ് ലബോറട്ടറി. ഊർജ്ജ മേഖലയിൽ എൻ.എ.ബി.എൽ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ലബോറട്ടറിയാണിത്. കാസറഗോഡ്, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം എന്നീ ജില്ല ലബോറട്ടറികൾക്കും എനർജി പരാമീറ്ററുകൾക്കായുള്ള ഇലക്ട്രോ ടെക്നിക്കൽ കാലിബ്രേഷന് ലഭിക്കുന്ന എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

1963-ലെ കേരള ഇലക്‌ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരവും 1989-ലെ കേരള ഇലക്‌ട്രിസിറ്റി സർചാർജ് ആക്ട് പ്രകാരവും മുഖ്യ വൈദ്യുതി ഇൻസ്പെക്ടറെയും ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ ഫിനാൻസ് ഓഫീസറെയും ഡ്യൂട്ടി ഇൻസ്പെക്ടർമാരായി നിയമിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ആക്ടുകൾ പ്രകാരം ഗവൺമെന്റിന് ലഭിക്കേണ്ട നിശ്ചിതമായ ഡ്യൂട്ടി കണക്കാക്കുന്നതിനു വേണ്ടി കേരള സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡിന്റെയും മറ്റു ലൈസൻസികളുടെയും കണക്കുകളും രേഖകളും ഈ വകുപ്പിലെ ഓഫീസർമാർ പരിശോധിക്കുന്നു.

I.S.15700:2018പ്രകാരം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്-ൽ നിന്നും അഭിമാനർഹമായ ‘സേവോത്തം സർട്ടിഫിക്കേഷൻ’  (സർവീസ് ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം) വകുപ്പ് കൈവരിച്ചിട്ടുണ്ട്. പബ്ലിക് സർവീസസ് ഓർഗനൈസേഷനുകളിൽ എസ്‌.ക്യു.എം.എസ് (സർവീസ് ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം) ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് ഈ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.